അമിതമായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്താ കൊമ്പുണ്ടോ?ഉണ്ട്

അമിതമായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്താ കൊമ്പുണ്ടോ?ഉണ്ട്

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലെങ്കില്‍ ജീവിതം വളരെ ദുഷ്കരമാണെന്നനിലയിലെത്തി നമ്മുടെയെല്ലാം അവസ്ഥ.ഇത് സമൂഹത്തിലും വ്യക്തികളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. വ്യക്തികളുടെ സ്വഭാവത്തെ മാത്രമല്ല ശരീരത്തെ പോലും സ്മാര്‍ട് ഫോണുകള്‍ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ പഠനം.

സ്മാര്‍ട് ഫോണ്‍ അമിതമായി ഉപയോഗിക്കുന്ന പുതു തലമുറയില്‍ പെട്ടവര്‍ക്ക് 'കൊമ്പ്' മുളക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. കഴുത്തിന് മുകളിലായി തലയോട്ടിയുടെ താഴ്ഭാഗത്താണ് ഈ കൊമ്പിന്റെ സ്ഥാനം. തുടര്‍ച്ചയായി തല കുനിച്ചിരുന്ന് സ്മാര്‍ട് ഫോണോ സമാനമായ ഉപകരണങ്ങളോ നോക്കുന്നതുകൊണ്ടാണ് ഈ ഗതി വരുന്നത്. ഇതുമൂലമുണ്ടാകുന്ന അതിസമ്മര്‍ദം കുറയ്ക്കാന്‍ കഴുത്തിന് മുകളിലെ ഈ ഭാഗത്തെ തൊലിക്ക് കട്ടി കൂടുന്നതായും കൊമ്പായി മാറുന്നതായുമാണ് കണ്ടെത്തല്‍.

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്റിലുള്ള സന്‍ഷൈന്‍ കോസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ വിവരമുള്ളത്. കഴുത്ത് തുടര്‍ച്ചയായി താഴ്ത്തി വെക്കുന്നതും തുടര്‍ച്ചയായി വിരലുകൊണ്ട് ടൈപ്പ് ചെയ്യുന്നതും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഈ കൊമ്പ് മുളക്കലെന്നാണ് കരുതപ്പെടുന്നത്.

നാച്ചുര്‍ റിസര്‍ച്ചിലാണ് ഈ ഗവേഷണ പ്രബന്ധം ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച്ചയില്‍ ബിബിസിയില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതോടെയാണ് വിവരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധമായതിനാല്‍ തന്നെ അവിടെ ഇത് വലിയ തോതില്‍ വാര്‍ത്തയാവുകയും ചെയ്തു. 

മൂന്ന് മുതല്‍ അഞ്ച് മില്ലിമീറ്റര്‍ വലുപ്പമുണ്ട് ഈ മൊബൈല്‍ കൊമ്പിനെന്നാണ് ഗവേഷണത്തിലെ പ്രധാനിയായ ഡോ. ഡേവിഡ് ഷാഹര്‍ പറഞ്ഞത്. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവര്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇതിനായി സ്മാര്‍ട് ഫോണ്‍ നിരന്തരം ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ തലയുടെ എക്‌സ്‌റേയാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യ പ്രബന്ധത്തിനായി 18നും 30നും ഇടക്ക് പ്രായമുള്ളവരുടെ 218 എക്‌സ്‌റേകളാണ് പഠനവിധേയമാക്കിയത്. ഇതില്‍ 41 ശതമാനത്തിനും ഇത്തരം കൊമ്പ് കാണപ്പെട്ടുവന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഇതിന്റെ തോത് കൂടുതല്‍.പിന്നീട് 18നും 86നും ഇടയ്ക്ക് പ്രായമുള്ളവരുടെ എക്‌സ്‌റേയും പഠനവിധേയമാക്കി. ഇതിനായി 1200 എക്‌സ്‌റേകളാണ് എടുത്തത്. ഇതില്‍ 33 ശതമാനത്തിനും ഇത്തരം കൊമ്പ് ദൃശ്യമായിരുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ഇവ കാണപ്പെടാനുള്ള തോത് കുറഞ്ഞുവരികയും ചെയ്തു.