ഇനി ആവി തീവണ്ടിയില്‍ കയറാന്‍ പറ്റിയിട്ടില്ലെന്ന് പരാതി പറയരുത്...

ഇനി ആവി തീവണ്ടിയില്‍ കയറാന്‍ പറ്റിയിട്ടില്ലെന്ന് പരാതി പറയരുത്...

ആവി എഞ്ചിന്‍ തീവണ്ടിയില്‍ യാത്ര ചെയ്തിട്ടുണ്ടോ? ചെയ്തിട്ടില്ലാത്തവര്‍ക്കിതാ ഒരവസരം .ദക്ഷിണ റെയില്‍വേയുടെ പൈതൃക തീവണ്ടി യാത്രയ്ക്കായി ഇതാ ഒരുങ്ങിക്കഴിഞ്ഞു.ആവി എന്‍ജിനില്‍ ഓടിയിരുന്ന 165 വര്‍ഷം പഴക്കമുള്ള തീവണ്ടിയാണ് എറണാകുളം സൗത്തില്‍ നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ശനിയും ഞായറും യാത്ര നടത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇ.ഐ.ആര്‍. 21 എന്ന കല്‍ക്കരി തീവണ്ടിയാണ് സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.ഇതിന്റെ ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രത്യേക ട്രയല്‍ റണ്ണും നടത്തിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 11-ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍നിന്ന് ഈ പ്രത്യേക തീവണ്ടി സര്‍വീസ് ആരംഭിക്കും. 

ഒരേസമയം 40 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരു എന്‍ജിനും ഒരു എ.സി. കമ്പാര്‍ട്ട്മെന്റുമുള്ള തീവണ്ടിയില്‍ ഉള്ളത്.ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 11-ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍നിന്ന് ഈ പ്രത്യേക തീവണ്ടി സര്‍വീസ് ആരംഭിക്കും. വിദേശികള്‍ക്ക് 1,000 രൂപയും ഇന്ത്യക്കാര്‍ക്ക് 500 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 300 രൂപയുമാണ് നിരക്ക്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്രയാണ്. എറണാകുളം നോര്‍ത്ത് - സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

163 വര്‍ഷം പഴക്കമുള്ള എന്‍ജിന്‍ 55 വര്‍ഷത്തോളം സര്‍വീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെന്നൈ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സില്‍ പുനര്‍നിര്‍മാണം നടത്തിയ ശേഷമാണ് തീവണ്ടി ദക്ഷിണ റെയില്‍വേ ഏറ്റെടുത്തത്. നാഗര്‍കോവിലില്‍ നിന്ന് കന്യാകുമാരിയിലേക്കായിരുന്നു പൈതൃക തീവണ്ടിയുടെ ആദ്യയാത്ര. പണ്ടുകാലത്ത് ആവി എന്‍ജിന്‍ തീവണ്ടികള്‍ സര്‍വീസ് നടത്തിയപ്പോള്‍ അവിടെ തീവണ്ടി തിരിക്കുന്നതിനുള്ള 'ടേണ്‍ടേബിള്‍' സംവിധാനം ഉണ്ടായിരുന്നു. ഈ സംവിധാനം ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലോ, സൗത്ത് റെയില്‍വേ സ്റ്റേഷനിലോ ഇല്ലാത്തതിനാലാണ് ഒരു ഭാഗത്തേക്ക് മാത്രമുള്ള സര്‍വീസ് ഒരുക്കുന്നത്. എറണാകുളം സൗത്ത് മുതല്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷന്‍ വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരത്തിനായി 20 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.