വാഹനങ്ങളില്‍ ഹാന്‍ഡ്‌ ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ ?

വാഹനങ്ങളില്‍ ഹാന്‍ഡ്‌ ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ ?

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഹാന്‍ഡ്‌സ് ഫ്രീ ആയി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണ പൊതുവേയുണ്ട് എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടും; ഇതു അപകടസാധ്യത വര്‍ധിപ്പിക്കും. ബ്ലുടൂത്ത്, ഹെഡ്‌സെറ്റ്, കാറിന്റെ ലൗഡ്സ്പീക്കര്‍ എന്നിങ്ങനെ ഏതു രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം [CMVR 21 (25) -ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 19 പ്രകാരം ലൈസന്‍സ് റദ്ദു ചെയ്യാവുന്ന കുറ്റമാണ്.


ഇതേസമയം, കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്‌സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല.എന്നാല്‍ ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങില്‍നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുതെന്നു നിയമം അനുശാസിക്കുന്നു. വാഹനമോടിക്കുന്നതിനിടെയുള്ള ഫോണ്‍ സംഭാഷണം ഡ്രൈവറുടെ പ്രതികരണ ശേഷി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

 ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പത്തിരട്ടിവരെ പിഴ ചുമത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ 1,000 രൂപയാണ് പിഴ ഈടാക്കുന്നത്. അടുത്ത സഭാ സമ്മേളനത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാകുന്നതോടെ  പിഴ 5,000 രൂപയായി ഉയരും.സമാനമായി മറ്റു യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തി വാഹനമോടിച്ചാല്‍ 5,000 രൂപ പിഴ ഈടാക്കാനും ശുപാര്‍ശയുണ്ട്. വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടത്തിനും 5,000 രൂപ പിഴ ഈടാക്കണമെന്നു ഭേദഗതി പറയുന്നു. നിലവില്‍ 500 രൂപ മാത്രമാണ് ഈ കുറ്റത്തിന് പിഴ.

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരുന്നാല്‍ 10,000 രൂപ പിഴ ഈടാക്കാനാണ് ശുപാര്‍ശ. അടുത്ത സഭാ സമ്മേളനത്തില്‍ രാജ്യസഭ ബില്‍ അംഗീകരിക്കുന്നതോടെ പുതിയ മോട്ടോര്‍ വാഹന ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.