മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; സംസ്ഥാനത്ത് പാറഖനനം നിരോധിച്ചു

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; സംസ്ഥാനത്ത് പാറഖനനം നിരോധിച്ചു

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാറഖനനം പൂര്‍ണമായി നിരോധിച്ചു. 750 ക്വാറികളുടെ പ്രവര്‍ത്തനം ഇതോടെ നിലയ്ക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികളാണിത്.

മലയോരമേഖലയിലെ പാറഖനനം ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ തന്നെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.

ചെങ്കല്‍ ഖനനവും നിരോധന പരിധിയില്‍ ഉള്‍പ്പെടുമെന്ന് മൈനിങ് ആന്റ് ജിയോളജി ഡയറക്ടര്‍ കെ.ബിജു പറഞ്ഞു. പശ്ചിമഘട്ടത്തിലെ അനിയന്ത്രിത പാറഖനനം ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

ഖനനത്തിന് ശേഷം ഉപേക്ഷിച്ച ക്വാറികളും ഏറെ അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഉപയോഗം കഴിഞ്ഞ ക്വാറികള്‍ സംരക്ഷിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖയുണ്ട്. ഇത് അംഗീകരിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണു പാറഖനനത്തിനു പരിസ്ഥിതി അനുമതി നല്‍കുന്നത്. എന്നാല്‍ ഇത് മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ലെന്ന് പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.