മുംബൈയില്‍ റെയില്‍വേ നടപ്പാലം തകര്‍ന്ന് നാല് മരണം

മുംബൈയില്‍ റെയില്‍വേ നടപ്പാലം തകര്‍ന്ന് നാല് മരണം

സിഎസ്‍ടി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപം നടപ്പാലം തകര്‍ന്ന് വീണ് നാല് മരണം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടാണ് സംഭവം. ദുരന്തനിവാരണ സേന സ്ഥലത്ത് എത്തി. പാലത്തിന്‍റെ അവശിഷ്‍ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. 

കാല്‍നടയാത്രക്കാര്‍ക്കുള്ള പാലമാണ് തകര്‍ന്നതെന്ന് മുംബൈ പോലീസ് ട്വിറ്ററില്‍ അറിയിച്ചു. ഛത്രപതി ശിവജി ടെര്‍മിനസ് പ്ലാറ്റ്‍ഫോം ഒന്നില്‍ നിന്ന് ബിടി ലെയിനിലേക്കുള്ള പാലമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ പോലീസ് ട്വീറ്റ് ചെയ്‍തു. 

രാത്രി 7.35ന് ആയിരുന്നു അപകടം. പാലത്തിലെ രണ്ട് കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടര്‍ന്ന് റോഡിലേക്ക് വീണു. മരിച്ച രണ്ടുപേരും നഴ്‍സുമാരാണ്. 2016ല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായ പാലമാണിത്.