സൊമാറ്റോ വരുമാനം 1339 കോടി രൂപ

സൊമാറ്റോ വരുമാനം 1339 കോടി രൂപ

ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സൊമാറ്റോ 2019 സാമ്പത്തിക വര്‍ഷത്തില്‍ 1339 കോടി രൂപ വരുമാനം നേടി. മൂന്നിരട്ടിയായാണ് വരുമാനം കൂടിയത്. പ്രധാനമായും ഫുഡ് ഡെലിവറി ബിസിനസ് ആണ് സൊമാറ്റോയെ തുണച്ചത് - ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. 

നടത്തിപ്പ് ചെലവും ഭീമമായി വര്‍ധിച്ചിട്ടുണ്ട്. 500 ദശലക്ഷം ഡോളര്‍ ആണ് സൊമാറ്റോ മൊത്തത്തില്‍ ചെലവാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ ആറ് ഇരട്ടിയാണ് ഇത്. വരുമാനത്തെക്കാള്‍ ഒന്നര ഇരട്ടിയെങ്കിലും അധികവുമാണ് ചെലവ്. 

മൊത്തം നഷ്‍ടത്തെക്കുറിച്ചുള്ള കണക്കുകള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലഭ്യമല്ല. ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ വിപുലപ്പെടുത്തിയതും കൂടുതല്‍ പരസ്യങ്ങള്‍ക്കും പ്രമോഷനുമായി ചെലവ് ചെയ്‍തതുമാണ് ചെലവ് കൂടാന്‍ കാരണം. 

ഇന്ത്യയിലെ ഗുഡ്‍ഗാവില്‍ ആസ്ഥാനമുള്ള സൊമാറ്റോ 24 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫു‍ഡ്‍ ഡെലിവറി, റെസ്റ്റോറന്‍റ് റേറ്റിങ് ആപ്ലിക്കേഷന്‍ ആണ്. 14 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സൊമാറ്റോ 10,000 നഗരങ്ങളിലും സേവനം നടത്തുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.155 ദശലക്ഷം ഡോളറാണ് ഡെലിവറി ബിസിനസില്‍ നിന്ന് മാത്രം കമ്പനി നേടിയ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് വെറും 38 ദശലക്ഷം ഡോളര്‍ ആയിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിന്‍റെ നാലില്‍ മൂന്നും ഫുഡ് ഡെലിവറിയില്‍ നിന്നാണ്.