പുതിയ വീഡിയോ ഫീച്ചറുകളുമായി ഫേസ്ബുക്ക്

പുതിയ വീഡിയോ ഫീച്ചറുകളുമായി ഫേസ്ബുക്ക്

പേജുകളിൽ വിഡിയോകൾക്ക് കൂടുതൽ പ്രാധാന്യം നൽകുവാന്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്. ആംസ്റ്റർഡാമിൽ നടക്കുന്ന ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റിംഗ് കൺവെൻഷനിൽ (ഐബിസി) ആയിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം.  പേജുകളില്‍  ഫേസ്ബുക് നേരത്തെ അവതരിപ്പിച്ച വാച്ച് പാർട്ടി, ക്രിയേറ്റർ സ്റ്റുഡിയോ എന്നിവയിൽ വീഡിയോ നിർമിക്കുന്നവർക്ക് വേണ്ടി  കൂടുതൽ ടൂളുകൾ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

തത്സമയ വീഡിയോ(ഫേസ്ബുക് ലൈവ് വീഡിയോ) പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിക്കുന്ന ഫീച്ചറാണ് പ്രധാനം. ഫേസ്ബുക് പേജിൽ ലൈവ് എപിഐ ഉപയോഗിച്ച് വീഡിയോ പ്രക്ഷേപണങ്ങൾ അനുകരിക്കാനും പരീക്ഷിക്കാനും എളുപ്പത്തിൽ സാധിക്കുന്നു, അതോടൊപ്പം തന്നെ ഈ സൗകര്യം ഒരു പേജിലെ അഡ്‌മിനിസ്‌ട്രേറ്റർമാർ എഡിറ്റർമാർ എന്നിവരിലേക്ക് പരിമിതപ്പെടുത്തുവാനും സാധിക്കുമെന്ന് പ്രമുഖ ടെക് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 60 സെക്കൻഡിൽ എത്ര പേർ വീഡിയോ കണ്ടു എന്ന് പേജ് അഡ്മിനിസ്ട്രേറ്റർമാർക്ക് അറിയാൻ സാധിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചർ. ക്രിയേറ്റർ സ്റ്റുഡിയോയിലാകും ഇത് ഉൾപ്പെടുത്തുക.

നിരവധി പേജ് ഉപയോകതാക്കളുടെ അഭിപ്രായവും, ആവശ്യവും പരിഗണിച്ചാണ് ഫേസ്ബുക് ഈ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയാറാകുന്നത്. അധികം വൈകാതെ ഇവ ലഭ്യമാകും, വരും ദിവസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഫേസ്ബുക്കിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.