സംഘടനാ സംവിധാനത്തില്‍ ആര്‍എസ്‌എസ് മാതൃക സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

സംഘടനാ സംവിധാനത്തില്‍ ആര്‍എസ്‌എസ് മാതൃക സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ആര്‍എസ്‌എസ് മാതൃകയില്‍ രാജ്യമൊട്ടാകെ പ്രേരക്മാരെ നിയമിക്കാനൊരുങ്ങി കോൺഗ്രസ്. തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ബഹുജന സമ്പര്‍ക്ക പരിപാടികള്‍ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളും ചരിത്രവും പ്രവര്‍ത്തകരെ പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കും പ്രേരക്മാരുടെ ചുമതല.

ഈ മാസം മൂന്നിന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് പ്രേരക് എന്ന ആശയം ഉയര്‍ന്നുവന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ആര്‍എസ്‌എസിന്റെ ജനകീയ സമ്പര്‍ക്ക മാതൃക സ്വീകരിക്കണമെന്ന് അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ തരുണ്‍ ഗൊഗോയി മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനവുമായി കോൺഗ്രസ് എത്തിയത്.