മഴയിൽക്കുളിച്ച് യാത്രചെയ്യാൻ ചിറാപുഞ്ചി

മഴയിൽക്കുളിച്ച് യാത്രചെയ്യാൻ ചിറാപുഞ്ചി

മഴയിൽക്കുളിച്ച് യാത്രചെയ്യാൻ ഇഷ്ടമുള്ളവർക്ക് പറ്റിയ സ്ഥലമാണ് മഴയുടെ നാടായ ചിറാപുഞ്ചി.വർഷത്തിൽ ഏതാണ്ട് എല്ലാ ദിവസവും തന്നെ മഴ ലഭിക്കുന്ന അത്യപൂർവ ഭൂപ്രകൃതിയാണ് ചിറാപുഞ്ചിയുടേത്. വർഷത്തിൽ 1177 മില്ലി മീറ്ററാണ് ഇവിടെ ലഭിക്കുന്ന മഴയുടെ അളവ്. മേഘാലയിലെ ഈസ്റ്റ് ഘാസി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ചിറാപുഞ്ചി പനോരമിക് വ്യൂവിന് പേരുകേട്ട സ്ഥലമാണ്. അതുമാത്രമല്ല കേട്ടോ മഴക്കാടുകൾ, വെള്ളച്ചാട്ടം, അരുവികൾ എന്നിവ കൊണ്ടും സമ്പന്നമാണ് ചിറാപുഞ്ചി.

ചിറാപുഞ്ചി യാത്രകൾക്ക് ആവേശം കൂട്ടുന്ന ഘടകങ്ങളാണ് ഇവിടുത്തെ സാഹസികമായ ട്രക്കിങ്ങും പ്രകൃതി ഭംഗിയും അതോടൊപ്പം ആരെയും അതിശയിപ്പിക്കുന്ന ജീവനുള്ള വേരു പാലങ്ങളും. ഒരു കരയിൽ നിൽക്കുന്ന മരത്തിന്‍റെ വേരുകൾ പ്രത്യേക രീതിയിൽ മറുകരയിലേക്ക് കൊണ്ടുപോയി ഒരു പാലത്തിന്‍റെ രൂപത്തിൽ വളർത്തുന്നതാണ് ഇത്. ലിവിങ് റൂട്ട് ബ്രിഡ്ജസ് എന്നാണ് ഇത് അറിയപ്പെടുന്നത്. പത്ത് മുതൽ 15 വർഷങ്ങൾ കൊണ്ടാണ് വേരുകൾക്ക് ഒരു പാലമായി മാറാനുള്ള കരുത്ത് ലഭിക്കുന്നത്. 

 

ചിറാപുഞ്ചി യാത്രയിൽ ഒരിക്കലും മാറ്റിവയ്ക്കാൻ പറ്റാത്ത ഒന്നാണ് അവിടുത്തെ വെള്ളച്ചാട്ടങ്ങൾ. ഏഴു സഹോദരിമാരുടെ വെള്ളച്ചാട്ടം അഥവ സെവൻ സിസ്റ്റേഴ്സ് വാട്ടർ ഫാൾസ് ആണ് സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്നത്. ചിറാപുഞ്ചിയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ്. 1033 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ഇത് കൂടാതെ വാഹ ബാക്ക, കിന്‍റേം, റെയ്ൻബോ തുടങ്ങിയ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്.

 

ഇന്ത്യയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ജീവിവർഗമാണ് ചുവന്ന പാണ്ട. ചുവന്ന പാണ്ടകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ അപൂർവം ദേശീയോദ്യാനങ്ങളിൽ ഒന്നാണ് നോക്റെക് ദേശീയോദ്യാനം. 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വിവിധ തരത്തിലുള്ള വന്യജീവികളെയും സംരക്ഷിക്കുന്നുണ്ട്.

 

പൊതുവെ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ സാഹസികതയ്ക്കൊപ്പം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് യാത്ര പോകാനാണ് ആഗ്രഹിക്കുന്നത്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ പ്രദേശമാണ് ചിറാപുഞ്ചി. സ്ത്രീകളാണ് എല്ലാ കാര്യങ്ങളും ഇവിടെ നിയന്ത്രിക്കുന്നത്.

മേഘാലയുടെ തലസ്ഥാനമായ ഷില്ലോങിൽ നിന്ന് രണ്ട് മണിക്കൂർ ദൂരമേയുള്ളു ചിറാപുഞ്ചിയിലേക്ക്. ഷില്ലോങിൽ നിന്ന് നിരവധി സർക്കാർ വാഹനങ്ങളും ചിറാപുഞ്ചിയിലേക്ക് ലഭ്യമാണ്. വിമാനത്തിൽ വരുന്നവർക്ക് ഷില്ലോങ്ങിലെ ഉംറോയ് എയർപോട്ടിനെ ആശ്രയിക്കാം. ട്രെയിനിനു വരുന്നവർക്ക് അടുത്തുള്ളത് ഗുവാഹട്ടി റെയ്‌ൽവെ സ്റ്റേഷനുണ്ട്. ഗുവാഹത്തിയിൽ നിന്നും ചിറാപുഞ്ചിയിലേക്ക് ഒരുപാട് ബസ് സർവീസുകളുമുണ്ട്.