സംസ്ഥാനത്ത് പുതിയ രണ്ട് ജില്ലകള്‍കൂടി ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതിയ രണ്ട് ജില്ലകള്‍കൂടി ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

രണ്ട് ജില്ലകള്‍ കൂടി രൂപീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി പളനിസ്വാമിയാണ് തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചത്. തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് തെങ്കാശി, ചെങ്കല്‍പട്ട് എന്നീ ജില്ലകളാണ് പുതിയതായി പ്രഖ്യാപിച്ചത്. ഭരണനിര്‍വ്വഹണ സൗകര്യത്തിന് വേണ്ടി മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിച്ച നിവേദനങ്ങള്‍ പരിഗണിച്ചാണ് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.

രണ്ട് ജില്ലകള്‍ കൂടി വന്നതോടെ സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 35 ജില്ലകളാണ് ഉള്ളത്. ഈ ജില്ലകളിലേക്ക് പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും. 2011ലെ സെന്‍സസ് അനുസരിച്ച് തെങ്കാശിയില്‍ 70,545 ആണ് ജനസംഖ്യ. ചെങ്കല്‍പട്ടില്‍ ഇത് 62,579 ആണ്. ചെന്നൈ നഗരത്തോട് അടുത്ത് കിടക്കുന്ന ചെങ്കല്‍പട്ടിന് വ്യവസായ ഹബ് എന്ന വിശേഷണമാണ് നിലവിലുള്ളത്. കോളേജുകളുടെ സാന്നിധ്യവും നഗരത്തിനുണ്ട്.

പുതിയതായി തുടങ്ങിയ ജില്ലകള്‍ക്ക് പുതിയ ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥരെ തന്നെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം നദികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ തെങ്കാശി ടൂറിസം കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമാണ്. കേരള അതിര്‍ത്തി പങ്കിടുന്ന ജില്ല കൂടിയാണ് തെങ്കാശി.