ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ഈ ലോകകപ്പിലെ ഫേവറിറ്റ്സ് എന്ന നിലയിൽ ക്രിക്കറ്റ് ലോകം മുഴുവൻ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ ടീം പ്രഖ്യാപനത്തെ കാത്തിരുന്നത്. 

ഇന്ത്യയുടെ ഓപ്പണിങ് ജോഡിയായി ശിഖ‍ർ ധവാൻ, രോഹിത് ശർമ എന്നിവരായിരിക്കും എത്തുക. മൂന്നാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോഹ‍്‍ലി ഇറങ്ങും. ഒന്നാം വിക്കറ്റ് കീപ്പ‍റായി പരിചയ സമ്പന്നനായ എംഎസ് ധോണി എത്തും. യുസ‍്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിലെ പ്രധാന സ്പിന്നർമാർ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നീ മൂന്ന് പേസർമാരും ടീമിലുണ്ട്. 

പരിചയസമ്പന്നനായ ദിനേശ് കാർത്തിക്കിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. യുവതാരം ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. മികച്ച ഫോമിലുള്ള ഓൾ റൌണ്ടർ വിജയ് ശങ്കർ ടീമിൽ ഇടം പിടിച്ചു. നാലാം നമ്പറിലും അദ്ദേഹത്തെ പരിഗണിച്ചേക്കും. 

നാലാം നമ്പറിൽ നേരത്തെ ടീമിലുണ്ടായിരുന്ന അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയിരിക്കുകയാണ്. ഫോം ഇല്ലാത്തതാണ് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമായതെന്നാണ് സൂചന. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള കെ എൽ രാഹുൽ ടീമിൽ സ്ഥാനം ഉറപ്പിച്ചു. അത്ഭുതങ്ങളോ അപ്രതീക്ഷിതമായ തീരുമാനങ്ങളോ ഒന്നും ഇല്ലാതെയാണ് ടീം പ്രഖ്യാപനം.