301 മണ്ഡലങ്ങളില്‍ നേരിട്ട് പ്രചാരണം നടത്തി അമിത് ഷാ

301 മണ്ഡലങ്ങളില്‍ നേരിട്ട് പ്രചാരണം നടത്തി അമിത് ഷാ

2014 ആവര്‍ത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബി ജെ പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ഇക്കുറി 301 ലോക്‌സഭാ മണ്ഡലങ്ങളില്‍ നേരിട്ടെത്തി പ്രചാരണം നടത്തി. ആകെ 543 ലോക്‌സഭാ മണ്ഡലങ്ങളാണ് രാജ്യത്തുള്ളത്. ഈ ജനുവരി മുതല്‍ ഏകദേശം ഒന്നര ലക്ഷം കിലോ മീറ്റര്‍ ദൂരം പാര്‍ട്ടി അധ്യക്ഷന്‍ യാത്ര ചെയ്തെന്നും ബി ജെ പി വൃത്തങ്ങള്‍ പറയുന്നു. 2014 ല്‍ അധ്യക്ഷനായി ചുമതലയേറ്റ ശേഷം 1542 പൊതുയോഗങ്ങളിലും അമിത് ഷാ പങ്കെടുത്തു. അതില്‍ 191 എണ്ണം 2014 -16 കാലത്തെ തെരഞ്ഞെടുപ്പ് യോഗങ്ങളായിരുന്നു. 2017ല്‍ 188ഉം 2018ല്‍ 349 ഉം പൊതു പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.

ആകെ യോഗങ്ങളില്‍ 59 ശതമാനവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവയായിരുന്നെങ്കില്‍ 41 ശതമാനം യോഗങ്ങള്‍ ബി ജെ പിയുടെ സംഘടനാ പരിപാടികള്‍ ആയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ മാസവും ശരാശരി 17,541 കിലോമീറ്റര്‍ ദൂരം അമിത് ഷാ യാത്ര ചെയ്യുന്നുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. നരേന്ദ്ര മോഡി- അമിത് ഷാ കൂട്ടുകെട്ടാണ് സമീപ കാലങ്ങളിലെ ബി ജെ പി മുന്നേറ്റങ്ങളുടെ പിന്നിലെ വിജയ രഹസ്യം.