സൗബിനും തൻവിയും; 'അമ്പിളി'യിലെ പുത്തൻ പോസ്റ്റർ

സൗബിനും തൻവിയും; 'അമ്പിളി'യിലെ പുത്തൻ പോസ്റ്റർ

'ഗപ്പി' എന്ന മനോഹരമായ ചിത്രത്തിന് ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'അമ്പിളി' എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ നായകനാകുന്ന സൗബിൻ ഷാഹിറും നായികയാകുന്ന തൻവി റാമുമാണ് പോസ്റ്ററിലുള്ളത്. ഇരുവരും വിവാഹവസ്തം അണിഞ്ഞ് പരസ്പരം ഒന്നുചേര്‍ന്നിരിക്കുന്നതാണ് പോസ്റ്റർ. കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുന്നത്. 

 

സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സൗബിന്‍ നായകനാകുന്ന സിനിമയാണ് അമ്പിളി. അതിനിടയിൽ വൈറസ് എന്ന ചിത്രത്തിലൂടെ സൗബിൻ ഏവരേയും ഞെട്ടിച്ചിരുന്നു. നവീന്‍ നസീം ആദ്യമായി അരങ്ങേറുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിക്കുണ്ട്. 

സൗബിന് പുറമെ നസ്രിയയുടെ സഹോദരൻ നവീന്‍ നാസിമും ചിത്രത്തിലെ മുഖ്യ കഥാപാത്രമാണ്. വർഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ന‍ർമ്മത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയുള്ള അമ്പിളിയുമായി സംവിധായകന്‍ ജോൺ പോള്‍ എത്തുന്നത്. സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറിലാണ് സിനിമയിൽ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഞെട്ടിക്കുന്നതായിരുന്നു. നടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്ക് വഴി ആരാധകരിലേക്കെത്തിച്ചിരുന്നത്. ചിത്രത്തിന്‍റേതായിറങ്ങുന്ന മൂന്നാമത്തെ പോസ്റ്ററാണിത്. നവീൻ നസീം സൈക്കിളുമായി വരുന്ന പോസ്റ്ററാണ് ഇതിന് മുമ്പ് ഇറക്കിയിരുന്നത്.


തന്‍വി റാം എന്ന പുതുമുഖ നായികയാണ് ചിത്രത്തിലുള്ളത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാര്‍ തന്നെയാണ് ഈ ചിത്രത്തിനായും ഗാനത്തിൻ്റെ വരികളെഴുതുന്നത്. ഇ ഫോര്‍ എൻ്റര്‍ടെയിന്‍മെൻ്റിൻ്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരണ്‍ വേലായുധനാണ് ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നതെന്നതും ശ്രദ്ധേയം. 


തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ച കിരണ്‍ ദാസാണ് ഈ ചിത്രത്തിൻ്റെ ചിത്രസംയോജനം നടത്തുന്നത്. കമ്മാരസംഭവത്തിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. മഷാര്‍ ഹംസയാണ് കോസ്റ്റ്യൂം ഡിസൈനിംഗ്. ആര്‍ ജി വയനാടനാണ് മേക്കപ്പ് നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തെ നിരവധി സ്ഥലങ്ങളിലുമായാണ് അമ്പിളി ചിത്രീകരിക്കുന്നത്. ഈ വര്‍ഷം ജൂലൈയോടെ അമ്പിളി തീയേറ്ററുകളിലെത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.