അംബാസഡര്‍ ആഡംബരക്കാറായപ്പോള്‍ !!!

അംബാസഡര്‍ ആഡംബരക്കാറായപ്പോള്‍ !!!

ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ അംബാസഡറിന് 57 വര്‍ഷത്തെ ഐതിഹാസിക ചരിത്രമുണ്ടാകും പറയാന്‍. വിഖ്യാത ബ്രിട്ടീഷ് കാര്‍, മോറിസ് ഓക്‌സ്ഫഡിനെ ആധാരമാക്കി ബിര്‍ല ഗ്രൂപ്പാണ് ഇന്ത്യയില്‍ അംബാസഡറിനെ അവതരിപ്പിച്ചത്. 2014 -ല്‍ ഉത്പാദനം നിര്‍ത്തിയെങ്കിലും കാറിന്റെ പ്രൗഢി നിരത്തുകളില്‍ നിന്നും മാഞ്ഞിട്ടില്ല. രാജ്യത്തെ പല പ്രമുഖ നേതാക്കളും യാത്രയ്ക്കായി അംബാസഡറിനെ ഇന്നും ആശ്രയിക്കുന്നു.2002 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡര്‍. 

 ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷേ അംബാസഡറിന് പുനര്‍ജന്മം നല്‍കാനിരിക്കെ, കോയമ്പത്തൂരില്‍ പഴയ അംബാസഡര്‍ ആഡംബരത്തോടെ പുനര്‍ജനിച്ചിരിക്കുന്നു.  അടുത്തിടെ കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോഡിഫിക്കേഷന്‍ സ്ഥാപനം, സണ്‍ എന്റര്‍പ്രൈസസ് പുറത്തിറക്കിയ അംബാസഡറാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

ഇവരുടെ അംബാസഡര്‍ കണ്ടാല്‍ കാര്‍ പുത്തനാണെന്നേ പറയൂ. പൂര്‍ണ്ണ രൂപാന്തരമാണ് അംബാസഡറിന് സംഭവിച്ചിരിക്കുന്നത്. റീസ്റ്റോര്‍ നടപടികളുടെ ഭാഗമായി എഞ്ചിനും ഷാസിയുമടക്കം പൊളിച്ചെഴുതപ്പെട്ടു.

എളുപ്പം തുരുമ്പെടുക്കുമെന്നതാണ് പഴയ അംബാസഡറുകളുടെ പ്രധാന പ്രശ്‌നം. അതുകൊണ്ട് പുതിയ പ്രൈമര്‍ കോട്ടിങുതന്നെ കാറിന് ഇവര്‍ നല്‍കിയിരിക്കുകയാണ്. ഒട്ടനവധി പരിഷ്‌കാരങ്ങള്‍ മോഡലില്‍ കാണാം. പുറംമോടിയില്‍ തിളങ്ങുന്ന തവിട്ടു നിറം. കാറിന് ചന്തം പകരുന്നതില്‍ അലോയ് വീലുകളും നിര്‍ണായകമാവുന്നു. അതേസമയം അംബാസഡറിന്റെ തനത് വ്യക്തിത്വം മാറിയിട്ടില്ല. വടിവൊത്ത ബോണറ്റും വട്ടത്തിലുള്ള ക്ലാസിക്ക് ഹെഡ്‌ലാമ്പുകളും മോഡലില്‍ തുടരുന്നു. ക്രോം ആവരണമുള്ള ഗ്രില്ലിന് അടിവരയിട്ടാണ് മുന്‍ ബമ്പറിന്റെ ഒരുക്കം.

പുറംമോടിയില്‍ വിന്റേജ് ഭാവമുണ്ടെങ്കിലും അകത്തളത്തില്‍ കാര്‍ അടിമുടി മാറിയിരിക്കുന്നു. ഡാഷ്‌ബോര്‍ഡ് പരിഷ്‌കരിക്കപ്പെട്ടു, ഒപ്പം ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും. കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ക്കും ക്യാബിനില്‍ കുറവില്ല. മുന്നിലെ പതുപതുത്ത സീറ്റുകള്‍ വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാനാവും.ഡോര്‍ പാനലുകളിലും പിന്‍ സീറ്റുകളിലും ഡയമണ്ട് സ്റ്റിച്ചിങ്ങുള്ള തുകല്‍ ആവരണം കാണാം. പിന്‍സീറ്റ് യാത്രക്കായി ഒരുങ്ങുന്ന വ്യക്തിഗത ഡിസ്‌പ്ലേയാണ് ഉള്ളിലെ മറ്റൊരു മുഖ്യവിശേഷം. ആംബിയന്റ് ലൈറ്റിംഗ് സംവിധാനം ക്യാബിനില്‍ ആഢംബര അനുഭവമുണര്‍ത്തും.

ഇസൂസു നിര്‍മ്മിച്ച 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറില്‍ തുടരുന്നതെങ്കിലും പവര്‍ അപ്ഗ്രഡേഷന്‍ നടന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. മോഡിഫിക്കേഷനുള്ള ചിലവും കമ്പനി പുറത്തുവിട്ടിട്ടില്ല. അഞ്ചു സ്പീഡാണ് കാറിലെ ഗിയര്‍ബോക്‌സ്.

ആദ്യ കാലത്ത് പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരുന്നു അംബാസഡര്‍ വില്‍പ്പനയ്ക്ക് വന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഡീസല്‍, എല്‍പിജി പതിപ്പുകളും അംബാസഡറിന് കമ്പനി നല്‍കി. 2013 -ല്‍ ബിബിസിയുടെ ഓട്ടോമൊബൈല്‍ ഷോ ടോപ് ഗിയര്‍ സംഘടിപ്പിച്ച വോട്ടെടുപ്പില്‍, അംബാസഡര്‍ ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.