ബാഹുബലിക്ക് ശേഷം 400 കോടി ചിത്രവുമായി രാജമൗലി

ബാഹുബലിക്ക് ശേഷം 400 കോടി ചിത്രവുമായി രാജമൗലി

ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി അടുത്ത്  സംവിധാനം ചെയ്യുമെന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ നായിക ആലിയഭട്ടും. ആര്‍ ആര്‍ ആര്‍ എന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഏകദേശം 400 കോടി രൂപയാണ് ബജറ്റ് കണക്കാക്കുന്നത്. 2020 ജൂലൈ 30ന് റിലീസ് ആകുമെന്നും കരുതുന്നു. ബോളിവുഡ് നടി ആലിയ ഭട്ടിനൊപ്പം അജയ് ദേവ്ഗണും ആര്‍ആര്‍ആറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ആലിയ ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിലഭിനയിക്കുകയാണ്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരണിന്റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുക. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും. 

വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് ഒഴികെയുള്ള പതിപ്പുകളിലെ പേരുകളെന്തെന്ന് തീരുമാനമായിട്ടില്ല. ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം കീരവാണി സംഗീതം നിര്‍വഹിക്കും.