പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മന്ദിരം നടൻ മധു ഉദ്ഘാടനം ചെയ്തു

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മന്ദിരം നടൻ മധു ഉദ്ഘാടനം ചെയ്തു

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പുതിയ ആസ്ഥാന മന്ദിരം നടൻ മധു ഉദ്ഘാടനം ചെയ്തു. നടന്മാരായ മമ്മൂട്ടിയും മോഹൻലാലും മുഖ്യാതിഥികളായി. എറണാകുളം പുല്ലേപ്പടി അരങ്ങത്ത് റോഡിൽ നിർമ്മാണം പൂർത്തിയായ 5 നില മന്ദിരത്തിന്‍റെ ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് 5ന് നടൻ മധു നിർവഹിച്ചത്. 

മലയാളസിനിമയെ വളര്‍ത്തിയവരാണ് നിര്‍മ്മാതാക്കളെന്നും ഇവരില്ലെങ്കിൽ സിനിമയില്ലെന്നും നടൻ മധു ഉദ്ഘാടനപ്രസംഗത്തിൽ പറ‍ഞ്ഞു. എല്ലാവരേയും ഒത്തൊരുമിച്ച് കാണാനും ചടങ്ങ് വിളക്ക് കൊടുത്തി നാടമുറിച്ച് ഉദ്ഘാടനം ചെയ്യാനും സാധിച്ചതിനാൽ തനിക്കൊരു കാരുണ്യ ലോട്ടറി അടിച്ച സുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയൊരു സാഹസം സിനിമ എടുക്കുന്നതിനേക്കാള്‍ ബുദ്ധമുട്ടാണെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. സിനിമയോടുള്ള മോഹം കൊണ്ട് സിനിമ എന്ന പാഷന്‍റെ പുറത്താണ് എല്ലാ നിര്‍മ്മാക്കളും പണം മുടക്കുന്നത്. അതിന് പിന്നിൽ വേറൊരു ഉദ്ദേശ്യവുമില്ല. സിനിമാ ആദ്യം നിര്‍മ്മാതവിന്‍റെ തലയിലാണ് ഉദിക്കുന്നത്. ബാക്കിയെല്ലാവരും കാശ് വാങ്ങി പോകുന്നവരാണ്. നിര്‍മ്മാതാക്കളുടെ സംഘടന അവകാശങ്ങള്‍ പിടിച്ചുവാങ്ങാൻ മാത്രമല്ല, അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാനും കൂടി തയ്യാറാവുന്ന സംഘടനയാണെന്നും എല്ലാവിജയങ്ങളും ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ മന്ദിരത്തിന്‍റെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദിയെന്നും ഞാനും ഈ കുടുംബത്തിലെ അംഗമാണെന്നും നടൻ മോഹൻലാൽ പറഞ്ഞു. തന്നെ നായകനാക്കി മുന്നൂറിലേറെ സിനിമകള്‍ നിര്‍മ്മിച്ച എല്ലാ നിര്‍മ്മാതാക്കളേയും ഈ അവസരത്തിൽ സ്മരിക്കുന്നുവെന്നും മലയാള സിനിമയുടെ ശക്തികേന്ദ്രവും സിനിമയുടെ നട്ടെല്ലുമാണിവിടമെന്നും ഒരുപാട് നല്ല കാര്യങ്ങള്‍ ഇവിടെനിന്നുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

14,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ താഴത്തെ നില പൂർണമായും പാർക്കിങ്ങിനായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം നിലയിലാണ് ഓഫിസ്. രണ്ടാം നിലയിൽ 6 മുറികളുള്ള ഗെസ്റ്റ് ഹൗസും മൂന്നാം നിലയിൽ കോൺഫറൻസ് ഹാളുമുണ്ട്. സിനിമകൾ തിയറ്ററുകളിൽ പ്രദർശത്തിന് എത്തിക്കുന്ന ഡിജിറ്റൽ രീതിയുമായി ബന്ധപ്പെട്ടുള്ള മാസ്റ്ററിങ്ങിനുള്ള പ്രിവ്യു തിയറ്റർ ഉൾപ്പെടുന്ന സംവിധാനമാണ് മുകൾ നിലയിലുള്ളത്. നിലവിൽ ഈ സംവിധാനം ചെന്നൈ കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്.