ആ വാക്ക് വെറും വാക്കായിരുന്നില്ല ; സുജാതയമ്മയ്ക്ക് ഇനി അന്തിയുറങ്ങാം ഈ സ്‌നേഹവീട്ടില്‍

ആ വാക്ക് വെറും വാക്കായിരുന്നില്ല ; സുജാതയമ്മയ്ക്ക് ഇനി അന്തിയുറങ്ങാം ഈ സ്‌നേഹവീട്ടില്‍

ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതാക്കിയ മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ തകഴി സ്വദേശിനി സുജാതയുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. ഭീതിയുടെ, നിസ്സാഹായതയുടെ ദിനങ്ങളായിരുന്നു അത് . ഒടുവില്‍ പ്രളയജലം ഇറങ്ങിയപ്പോള്‍ സുജാതയുടെ മുന്നില്‍ അവശേഷിച്ചത് ഇടിഞ്ഞു വീഴാറായ ഒരു കൂര മാത്രമായിരുന്നു. പറക്കമുറ്റാത്ത നാലുമക്കളെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്ന ആ സാധു സ്ത്രീയ്ക്ക്് തണലേകാന്‍  കുറച്ചു നന്മമരങ്ങളെത്തി. ആ അമ്മയുടെ കണ്ണീരൊപ്പാന്‍ അവര്‍ കൂടെ നിന്നു. ഒരു പുതിയ ജീവിതമെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് അവര്‍ ഉറപ്പു നല്‍കി. ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായിരുന്നു അവര്‍. ഒടുവില്‍ സുജാതയുടെ സ്വപ്‌നങ്ങളെല്ലാം പൂര്‍ത്തിയാക്കി അവര്‍ മടങ്ങുകയാണ്. 

ചിത്രത്തിന്റെ വരുമാനമെല്ലാം സ്വരുക്കൂട്ടി നിര്‍മ്മിച്ച പുതിയ ഭവനത്തിന്റെ താക്കോല്‍ സംവിധായകന്‍ ബിജു മജീദില്‍ നിന്നും നിറകണ്ണുകളോടെ ഏറ്റുവാങ്ങുമ്പോള്‍ സുജാതയ്ക്ക് മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു. ചുറ്റും കൂടി നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു ആ സ്‌നേഹവായ്പുകള്‍. തികച്ചും ലളിതമായ ചടങ്ങിലായിരുന്നു താക്കോല്‍ദാനം. ആലപ്പുഴ ജില്ലാ കോടതിയിലെ സബ് ജഡ്ജ് എം ഉദയകുമാര്‍, വീടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ച സൃഷ്ടി എഞ്ചിനീയേഴ്‌സിന്റെ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകാനെത്തിയിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും, സൃഷ്ടി എഞ്ചിനീയേഴ്‌സിന്റെ പ്രവര്‍ത്തകരും, സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചാണ് വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മാസങ്ങളായി സുജാതയ്ക്കും കുടുംബത്തിനുമൊപ്പം താങ്ങായും തണലായും ഇവരുണ്ടായിരുന്നു. ഒടുവില്‍ സ്വപ്‌നഭവനത്തിന്റെ താക്കോല്‍ കൈമാറി അവര്‍ യാത്ര പറയുമ്പോള്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. ഇത് ദൈവത്തിന്റെ സ്വന്തം നാടു തന്നെ. 

 

ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മിച്ച് ബിജു മജീദ് സംവിധാനം ചെയ്ത ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ റിലീസിംഗ് വേളയില്‍ തന്നെ വരുമാനം പൂര്‍ണ്ണമായും പ്രളയബാധിതര്‍ക്കു നല്‍കുമെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനറും, ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയുമായ സോഹന്‍ റോയിയുടേതായിരുന്നു ഈ തീരുമാനം. 175 ലധികം പുതുമുഖങ്ങള്‍ വേഷമിട്ട ചിത്രത്തിലെ നായകനുള്‍പ്പടെ തങ്ങള്‍ക്ക് ആദ്യ സിനിമയിലൂടെ ലഭിച്ച വരുമാനം പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചാണ് മാതൃകയായത്. 


5000 വര്‍ഷത്തോളം പഴക്കമുള്ള ആയുര്‍വേദ ചികിത്സയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഏരീസ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പദ്ധതികളുടെ ഭാഗമായി നിര്‍മിച്ച രണ്ടാമത്തെ ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഷിബുരാജ് കെ. ആണ്. ഗാനരചന സോഹന്‍ റോയ്, സംഗീതം ബി ആര്‍ ബിജുറാം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍സണ്‍ ഇരിങ്ങോളാണ്. ക്യാമറ പി.സി ലാല്‍.


ലാലു അലക്‌സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.