ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ജയസൂര്യയ്ക്ക് രണ്ട് വര്‍ഷം വിലക്ക്

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ജയസൂര്യയ്ക്ക് രണ്ട് വര്‍ഷം വിലക്ക്

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയെ രണ്ടു വര്‍ഷത്തേക്ക് വിലക്ക് ഐ.സി.സി. ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തോട് സഹകരിച്ചില്ലെന്നും തടസ്സം നിന്നെന്നും ആരോപിച്ച് അഴിമതി വിരുദ്ധ ചട്ട പ്രകാരമാണ് വിലക്ക്.രണ്ട് വര്‍ഷത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ജയസൂര്യ ഇടപെടരുതെന്ന് ഐ.സി.സി വ്യക്തമാക്കി.

ദേശീയ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്ത് നടന്ന അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യയോട് ഫോണും സിംകാര്‍ഡും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ഒക്ടോബറില്‍ താരത്തെ കുറ്റക്കാരനെന്ന് വിധിച്ചത്.

അതേസമയം തന്റെ വ്യക്തിപരമായ വിവരങ്ങളും ദൃശ്യങ്ങളും ഉള്ളത് കൊണ്ടാണ് ഫോണ്‍ കൈമാറാത്തതെന്നാണ് ജയസൂര്യ നല്‍കിയ വിശദീകരണം.