ഡ്രൈവിംഗ് സീറ്റില്‍ പേളി

ഡ്രൈവിംഗ് സീറ്റില്‍ പേളി

കുറച്ചുദിവസങ്ങളായി മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‍റെയും പ്രണയവും വിവാഹവും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയത്തെ അത്രമേല്‍ കൗതുകത്തോടെയാണ് മലയാളി നോക്കിക്കണ്ടതെന്ന് വിവാഹം സംബന്ധിച്ച പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആ വിവാഹം. ക്രിസ്‍ത്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം ഇന്ന് പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹശേഷമുള്ള നവദമ്പതികളുടെ യാത്രയും കൗതുകമുണര്‍ത്തുന്നതായിരുന്നു. 

ആഡംബര വാഹനത്തിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ പേളി ആയിരുന്നുവെന്നതാണ് ശ്രദ്ധേയം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ആഡംബര സെഡാനായ ബിഎംഡബ്ല്യുവിലായിരുന്നു ദമ്പതികളുടെ യാത്ര. സീറ്റ് ബെല്‍റ്റ് ധരിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ തയ്യാറെടുക്കുകയാണ് പേളി. കടുംനീല നിറത്തിലുള്ള  വാഹനത്തില്‍ പേളിയുടെ തൊട്ടടുത്തിരുന്ന് കൈവീശി വിജയചിഹ്നം കാണിക്കുന്ന ശ്രീനിഷിനെയും വീഡിയോയില്‍ കാണാം.