അമിതവിശ്വാസം ആഘാതത്തില്‍;കിവീസിന്റെ കൂട്ടക്കുരുതിയില്‍ തകര്‍ന്ന് ഇന്ത്യയില്‍

അമിതവിശ്വാസം ആഘാതത്തില്‍;കിവീസിന്റെ കൂട്ടക്കുരുതിയില്‍ തകര്‍ന്ന് ഇന്ത്യയില്‍

ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ പരാജയം രുചിച്ച ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോഡും. ആദ്യ മൂന്ന് ഏകദിനങ്ങളും തോറ്റ ന്യൂസിലാന്‍ഡ് നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വിയാണ് സമ്മാനിച്ചത്. എട്ട് വിക്കറ്റിനാണ് ഹാമില്‍ട്ടണില്‍ നടന്ന നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് പുറത്തായി. 212 പന്തുകള്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യം കണ്ടു. ഇന്ത്യക്കെതിരെ ഇത്രയേറെ പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു ടീം വിജയം നേടുന്നത് ചരിത്രത്തിലാദ്യമായാണ്. ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ന് വഴങ്ങിയത്.

2010ല്‍ ധാംബുള്ളയില്‍ ശ്രീലങ്കക്കെതിരെ 209 പന്തുകള്‍ ബാക്കി നില്‍ക്കെ തോറ്റതായിരുന്നു ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും കനത്ത തോല്‍വി.

ന്യൂസിലാന്‍ഡ് നിരയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ മാസ്മരിക ബോളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇരുന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് ശര്‍മ ശിഖര്‍ ധവാന്‍ 20 പന്തില്‍ 13 റണ്ണെടുത്ത് പുറത്തായപ്പോള്‍ ഏകദിനമത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്ലിന് 9 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും സംപൂജ്യരായി മടങ്ങിയപ്പോള്‍ കേദാര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഒരു റണ്ണെടുത്ത് മടങ്ങി. 23 പന്തില്‍ ഏഴ് റണ്‍സെടുത്താണ് പുറത്തായത്.

മറുപടി ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14), കെയ്ന്‍ വില്യന്‍സണ്‍ (11), എന്നിവര്‍ പുറത്തായെങ്കിലും ഹെന്റി നിക്കോള്‍സ് (42 പന്തില്‍ 30) റോസ് ടെയിലര്‍ (37) എന്നിവര്‍ കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.