മികച്ച ബന്ധം കാത്തു സൂക്ഷിക്കാന്‍ ലൗ മേക്കിംഗ്‌

മികച്ച ബന്ധം കാത്തു സൂക്ഷിക്കാന്‍ ലൗ മേക്കിംഗ്‌

ദമ്പതികൾക്കിടയിൽ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ലവ് മേക്കിങിനു വലിയ സ്ഥാനമാണുള്ളത്. പങ്കാളിയുടെ മനസറിഞ്ഞുള്ള ഒരു സ്പർശനത്തിനു വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ലവ് മേക്കിങിലൂടെ ശാരീരിക സുഖം മാത്രമല്ല മാനസിക സുഖം കൂടിയാണ് ലഭിക്കുന്നത്. ഇത് ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കാൻ സഹായിക്കും. ലൈംഗിക ബന്ധത്തെപ്പോലെ വിരസമല്ല ലവ് മേക്കിങ്. അവിടെ ലൈംഗിക തൃഷ്ണയെക്കാളുപരി പരസ്പര സ്നേഹമാണ് പ്രവർത്തിക്കുന്നത്. തന്‍റെ പങ്കാളിയെ സന്തുഷ്ടരാക്കുകയാണ് ഓരോ ലവ് മേക്കിങിന്‍റേയും ലക്ഷ്യം. ഇതിനിടയിൽ ആശങ്കകളോ സംശയങ്ങളോ ഉണ്ടായിരിക്കില്ല. 

 

ലവ് മേക്കിങിൽ ആദ്യം ഉണ്ടാവേണ്ടത് ദൃഢമായ വിശ്വാസമാണ്. സ്നേഹവും കരുതലുമാണ് അതിനടിസ്ഥാനം. മുൻധാരണകളൊന്നുമില്ലാതെ വേണം പങ്കാളിയെ സമീപിക്കാൻ. പങ്കാളിയിൽ സുരക്ഷിതത്വ ബോധം ഉണ്ടാക്കാൻ കഴിയണം. 

പങ്കാളിയോട് തുറന്നു സംസാരിക്കാൻ കഴിയണം. താനെന്താണ് ആഗ്രഹിക്കുന്നതെന്നു പങ്കാളി അറിയുമെന്ന പ്രതീക്ഷ വച്ചു പുലർത്തിന്നതിനു പകരം നിങ്ങളുടെ താൽപര്യങ്ങൾ പങ്കാളിയോടു തുറന്നു പറയാൻ തയ്യാറാകണം. 

നിങ്ങളുടെ സ്നേഹം, പ്രണയം എന്നിവ പൂർണമായും പ്രകടിപ്പിക്കേണ്ട അവസരമാണ് ലവ് മേക്കിങ്. കരുതലിനു പകരം കർത്തവ്യമാണിതെന്നു കരുതരുത്. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനായി പങ്കാളിയുടെ കൈകൾ കൂട്ടിപ്പിടിക്കുകയോ ആലിംഗനം ചെയ്യുകയോ ആവാം. ലാളിക്കുന്നതും ചുംബിക്കുന്നതും ഈ അവസരങ്ങളെ കൂടുതൽ മനോഹരമാക്കും. നിങ്ങളുടെ എല്ലാ സ്നേഹവും ഒരു ചുംബനത്തിലൂടെ പ്രകടിപ്പിക്കാൻ ഇതിലും മികച്ച അവസരമില്ല. 

ലവ് മേക്കിങിനിടയിൽ പതിഞ്ഞ ശബ്ദത്തിൽ നിങ്ങളുടെ വികാരങ്ങൾ പങ്കാളിയോട് പ്രകടിപ്പിക്കുക. പങ്കാളിയെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു പറയുന്നത് പങ്കാളിയെ ആവേശഭരിതരാക്കും. നിങ്ങൾക്കു മനസു തുറക്കാൻ ഇത് അവസരമൊരുക്കും. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനു മുൻപു മാത്രമല്ല ലവ് മേക്കിങിനു പ്രാധാന്യം. മറിച്ച് ലൈംഗികമല്ലാത്ത ശാരീരിക സ്പർശനങ്ങളും പ്രാധാന്യമർഹിക്കുന്നു.

ആലിംഗനം സ്ത്രീകൾക്കു സന്തോഷം പകരുന്നെങ്കിൽ തലയിൽ തടവുന്നതും ചെറിയ മസാജ് നൽകുന്നതുമെല്ലാം പുരുഷന്മാരെ സന്തുഷ്ടരാക്കും. ബന്ധങ്ങൾ ശക്തമാകുന്നതിനു ലവ് മേക്കിങിനു വലിയ സ്ഥാനമുണ്ട്. ആഴമുള്ള ആത്മാർഥതയുള്ള ലവ് മേക്കിങിനു ദമ്പതികൾക്കിടയിലെ ബന്ധത്തെ സുദൃഢമാക്കാൻ സാധിക്കും.