വേനൽക്കാലത്ത് എന്തു ധരിക്കണം; ലൂസ് പാന്റ് തന്നെ

വേനൽക്കാലത്ത് എന്തു ധരിക്കണം; ലൂസ് പാന്റ് തന്നെ

വേനല്‍ കാലം വന്നതോടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും വേട്ടയാടാന്‍ തുടങ്ങികഴിഞ്ഞിരിക്കും.ശരിരത്തോട് ചേര്‍ന്നുകിടക്കുന്ന പാന്റുകളാകും അതിലേറെ പ്രയാസമുണ്ടാക്കുന്നത്. സ്‌കിന്‍ ഫിറ്റ് ജീന്‍സിനോടും, ടൈറ്റ് ടോപ്സിനും തല്‍ക്കാലത്തേക്ക് വിട പറഞ്ഞ് ലൂസ് പാന്റ്സിനോട് കൂട്ടുകൂടുകയാണ് പെണ്‍കുട്ടികള്‍. വേനല്‍ക്കാലത്ത് നൂറുശതമാനം സന്തോഷത്തോടെ ധരിക്കാവുന്ന ചില അയഞ്ഞ പാന്റുകളെ പരിചയപ്പെടാം..


പലാസോ പാന്റ്സ്

ഒറ്റ നോട്ടത്തില്‍ പാന്റ്സാണോ സ്‌കേര്‍ട്ടാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത പലാസോ പാന്റ്സാണ് വേനല്‍ കാലത്തെ മിന്നും താരം. അരക്കെട്ടിന്റെ ഭാഗത്ത് ഫിറ്റും, താഴേക്ക് പോകും തോറും ലൂസ് ആവുന്നതും ആണ് ഇതിന്റെ പ്രത്യേകത. ലിനന്‍, ഷിഫോണ്‍ പോലുള്ള തുണികളിലാണ് പലാസോ വരുന്നത്. ധരിക്കാന്‍ സുഖപ്രദവും കാഴ്ച്ചയ്ക്ക് സ്‌റ്റൈലിഷുമാണ് പലാസോ പാന്റ്സ്. അയഞ്ഞ ടോപ്പുകള്‍ പലാസോയുടെ ഒപ്പം ഒഴിവാക്കുന്നതാണ് നല്ലത്. ടൈറ്റ് ഫിറ്റഡ് ടോപ്പുകളോ ബോഡി ഹഗ്ഗിങ്ങ് ടീ ഷര്‍ട്ടുകളോ സ്പഗറ്റി ടോപ്പുകളോ ആണ് ഇവയുടെ കൂടെ യോജിക്കുക.


കാര്‍ഗോ പാന്റ്സ്

പട്ടാളക്കാര്‍ ധരിച്ചിരുന്ന വേഷമാണ് കാര്‍ഗോ പാന്റുകള്‍. അത് കൊണ്ട് തന്നെ ധരിക്കുന്നവര്‍ക്ക് കാഷ്വല്‍ ലുക്കിനൊപ്പം അല്‍പ്പം ക്ലാസ് ലക്കും നല്‍കും ഈ ലൂസ് പാന്റ്. വിശാലാമായ പോകറ്റുകള്‍ ഈ പാന്റിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിനൊപ്പം ഇറക്കം കുറഞ്ഞ ടീ ഷര്‍ട്ടുകളോ ടോപ്പുകളോ ഉപയോഗിക്കാവുന്നതാണ്.


പട്ടിയാല


ഇന്ത്യയുടെ സ്വന്തം വേഷമാണ് പട്ടിയാല പാന്റുകള്‍. വടക്കേ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാന്റുകള്‍ ചൂടു കാലത്ത് ഏറെ പേര്‍ ഇഷ്ടപ്പെടുന്നു. അരക്കെട്ട് മുതല്‍ കണ്ണങ്കാല്‍ വരെ അയഞ്ഞു കിടക്കുന്ന ഈ വേഷം നല്ല വായുസഞ്ചാരം നല്‍കുകയും ശരീരത്തില്‍ വിയര്‍പ്പ് കെട്ടി കിടക്കുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. ഇതേ ഗണത്തില്‍ വരുന്നതാണ് സെമി പട്ടിയാല പാന്റുകളും. കണ്ണങ്കാലിന്റെ ഭാഗത്ത് ഫിറ്റഡ് ആയി കിടക്കുന്നു എന്നതാണ് പട്ടിയാലയില്‍ നിന്നും സെമി പട്ടിയാലയെ വ്യത്യസ്ഥമാക്കുന്നത്. പ്രിന്റഡ് പട്ടിയാല പാന്റുകളുടെ ഒപ്പം പ്ലെയിന്‍ ഷര്‍ട്ടുകള്‍ ഇടുന്നത് സ്‌റ്റൈലിഷ് ലുക്ക് നല്‍കും.


ഹരെം പാന്റ്സ്


പട്ടിയാലയോട് സദൃശ്യം തോന്നുമെങ്കിലും പട്ടിയാലയേക്കാള്‍ അയഞ്ഞതാണ് ഹരെം പാന്റുകള്‍. ബാഗ്ഗി ട്രൗസറുകള്‍ എന്ന പേരില്‍ പടിഞ്ഞാറന്‍ നാടുകളില്‍ അറിയപ്പെടുന്ന ഈ പാന്റുകള്‍ കണ്ണങ്കാലില്‍ ഇറുകി കിടക്കും.


ദോത്തി പട്ടിയാല 


അരക്കെട്ട് മുതല്‍ കണ്ണങ്കാല്‍ വരെ പ്ലീറ്റ്സുള്ള പാന്റ്സാണ് ദോത്തി പട്ടിയാല. അരക്കെട്ട് മുതല്‍ ലൂസ് ആയി കിടക്കുന്ന ഈ പാന്റുകള്‍ കണ്ണങ്കാലിന്റെ ഭാഗം ആവുന്നതോടെ വീതി കുറഞ്ഞ് ഫിറ്റായ് കിടക്കും. ഇവയുടെ കൂടെ ജോദ് പൂരി ചെരുപ്പുകളും സ്ലീവ്ലെസ്സ് ടോപ്പുകളും നന്നായ് ഇണങ്ങും.