കെ.എസ്.ആര്‍.ടി.സി. ബസുകളില്‍,പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍,പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി., കെ.യു.ആര്‍.ടി.സി. വാഹനങ്ങളില്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റിക്കുംവിധമുള്ള പരസ്യം പാടില്ലെന്ന് ഹൈക്കോടതി. പരസ്യത്തിലൂടെ അധികവരുമാനം ലഭിക്കുമെങ്കിലും അത് മറ്റു വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുംവിധമാകരുത്. അക്കാര്യങ്ങളില്‍ മോട്ടോര്‍വാഹന നിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. 

ബസുകളില്‍ എല്‍.ഇ.ഡി. ലൈറ്റ്, ബഹുവര്‍ണ വെളിച്ചം എന്നിവ ഒഴിവാക്കണം. ഇന്‍ഡിക്കേറ്റര്‍, റിഫ്‌ലക്ടര്‍ തുടങ്ങിയവ ഉറപ്പാക്കണം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാതിരിക്കാന്‍ ദേശീയപാതയോരത്തുനിന്ന് നിശ്ചിതദൂരം പാലിച്ചേ പരസ്യം ആകാവൂ എന്ന് ദേശീയപാതാ അതോറിറ്റി വ്യവസ്ഥ ചെയ്തിട്ടുണ്ട്.ചട്ടപ്രകാരം ഉടമയുടെ പേര്, വിലാസം എന്നിവ വേണം. ചില്ലുകളിലും കാഴ്ചമറയ്ക്കുംവിധം ചിത്രങ്ങളോ പരസ്യമോ പാടില്ല. തുണികൊണ്ടുള്ള തിരശ്ശീല, ചില്ലില്‍ നിറമുള്ള ഫിലിം ഒട്ടിക്കല്‍ എന്നിവയും അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എം.കെ. സജി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശങ്ങള്‍. യന്ത്രത്തകരാര്‍ മൂലം ചാലക്കുടിയില്‍ നിര്‍ത്തിയിട്ട ബസില്‍ ബൈക്കിടിച്ച് 2018 നവംബര്‍ 28-ന് ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഹര്‍ജിക്കാരന്റ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം മനസ്സിരുത്താതെയാണെന്ന് കോടതി വിലയിരുത്തി. അഡീഷണല്‍ ലൈസന്‍സിങ് അതോറിറ്റി അക്കാര്യം വസ്തുത വിലയിരുത്തി വീണ്ടും പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.