ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ട് മതി ധോണിയ്ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം

ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ട് മതി ധോണിയ്ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം

ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ടീമിന് പുറത്ത് ഒഴിവുകാലം ആസ്വദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എം.എസ് ധോണി. ഏകദിന ക്രിക്കറ്റ് ടീമില്‍ മാത്രം അംഗമായ ധോണിക്ക് ഇപ്പോള്‍ മത്സരങ്ങള്‍ ഒന്നും തന്നെയില്ല. 

നേരത്തെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വിജയ് ഹസാരെ ട്രോഫിയിലും ധോണി കളിച്ചിരുന്നില്ല.ആഭ്യന്തരക്രിക്കറ്റിലും ധോണി കളിയ്ക്കുന്നില്ല. പുതുവര്‍ഷത്തില്‍ ജനുവരിയില്‍ മാത്രമാണ് ധോണി ഏകദിന മത്സരങ്ങള്‍ക്കായി ക്രീസിലെത്തു.
എന്നാല്‍ ധോണി അഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതില്‍ വിവാദമുയര്‍ത്തി മുന്‍താരം മൊഹീന്ദര്‍ അമര്‍നാഥ് രംഗത്തെത്തിയിരിക്കുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചാലേ എം എസ് ധോണിയടക്കമുള്ള സീനിയര്‍ താരങ്ങളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്ന് അമര്‍നാഥ്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവര്‍ അവരവരുടെ സംസ്ഥാനത്തിനും കളിക്കണം. മുന്‍പ് എങ്ങനെ കളിച്ചു എന്നല്ല, ഇപ്പോഴത്തെ ഫോം മാത്രമായിരിക്കണം സെലക്ഷന് പരിഗണിക്കേണ്ടത്. ഇന്ത്യയിലെ മിക്ക സീനിയര്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിനെ അവഗണിക്കുകയാണ്. ഇക്കാര്യത്തില്‍ ബിസിസിഐ വിട്ടുവീഴ്ച ചെയ്യരുതെന്നും അമര്‍നാഥ് പറഞ്ഞു.

കഴിഞ്ഞയാഴ്ച സുനില്‍ ഗാവസ്‌കറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ലോകകപ്പിന് ഇനിയും ആറു മാസം ബാക്കിയുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ധോണിയോടും ധവാനോടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെടാത്തതെന്നും ഗവാസ്‌കര്‍ ചോദിച്ചു. ബിസിസിഐ നിലപാട് വ്യക്തമാക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു.