"സ്ത്രീകള്‍ക്ക് പാന്‍റ്സ്‍ ആകാമെങ്കില്‍";ഓസ്‌കര്‍ വേദിയില്‍ ഗൗണ്‍ അണിഞ്ഞ് പുരുഷന്‍

"സ്ത്രീകള്‍ക്ക് പാന്‍റ്സ്‍ ആകാമെങ്കില്‍";ഓസ്‌കര്‍ വേദിയില്‍ ഗൗണ്‍ അണിഞ്ഞ് പുരുഷന്‍

ഓസ്‍കര്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കും മുന്‍പുള്ള ഒരു മണിക്കൂര്‍ നേരം ഓസ്‍കര്‍ റെഡ്‍ കാര്‍പ്പറ്റ് ആണ്. നടന്മാരും നടിമാരും ഏറ്റവും മികച്ച ഫാഷനില്‍ ഓസ്‍കര്‍ പുരസ്‍‍കാരം ഏറ്റുവാങ്ങാന്‍ എത്തുന്നത് റെഡ്‍ കാര്‍പ്പറ്റിലേക്കാണ്. ഇത്തവണത്തെ റെഡ്‍ കാര്‍പ്പറ്റില്‍ താരമായത് ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍ ആണ്.പരമ്പരാഗതമായ ടക്സിഡോ സ്യൂട്ടിലാണ് പുരുഷന്മാര്‍ സാധാരണ റെഡ് കാര്‍പ്പറ്റില്‍ എത്താറുള്ളത്. ഇത്തവണ ബില്ലി ആ പതിവ് തെറ്റിച്ചു.

 

അരയ്ക്ക് മുകളിലേക്ക് ടക്സ് വേഷവും താഴേക്ക് ഗൗണും ആയിരുന്നു ബില്ലി പോര്‍ട്ടറുടെ വേഷം. കറുത്ത ടക്സ്-ഗൗണ്‍ വേഷത്തില്‍ എത്തിയ ബില്ലി വളരെപ്പെട്ടന്ന് താരമായി. 

ഡിസൈനര്‍ ക്രിസ്റ്റ്യന്‍ സിരിയാനോ രൂപകല്‍പ്പന ചെയ്‍ത വേഷത്തിലാണ് ബില്ലി പോര്‍ട്ടര്‍ എത്തിയത്. സ്ത്രീകള്‍ക്ക് പാന്‍റ്‍സ്‍ ധരിച്ചുവരാം. ആരും ഒന്നും ചോദിക്കില്ല. എന്തുകൊണ്ടാണ് പുരുഷന് ഉടുപ്പ് ധരിക്കാന്‍ കഴിയാത്തത് - ബില്ലി പോര്‍ട്ടര്‍ ചോദിച്ചു.