മാപ്പ് പറഞ്ഞില്ലെങ്കില്‍ മെസിക്ക് രണ്ട് വര്‍ഷത്തെ വിലക്കെന്ന് കോടതി

മാപ്പ് പറഞ്ഞില്ലെങ്കില്‍ മെസിക്ക് രണ്ട് വര്‍ഷത്തെ വിലക്കെന്ന് കോടതി

കോണ്‍ഫെഡറേഷനെതിരെയും റഫറിമാര്‍ക്കെതിരെയും അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി നടത്തിയ മോശം പരാമര്‍ശങ്ങളില്‍ കായിക കോടതിയുടെ ഇടപെടല്‍. അര്‍ജന്‍റീനയിലെ സ്പോര്‍ട് ആര്‍ബിട്രേഷന്‍ കോടതിയാണ് മെസിക്കെതിരെ രംഗത്തെത്തിയത്. അച്ചടക്ക നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനോട് മെസി മാപ്പ് അപേക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 
ആര്‍ബിട്രേഷന്‍ കോടതിയിലെ അംഗമായ ഗുസ്താവോ അബ്ര്യൂവാണ് കോപ്പ അമേരിക്കയ്‍ക്കിടെ നടത്തിയ ആരോപണങ്ങളില്‍ മെസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അച്ചടക്ക നടപടി ഒഴിവാക്കണമെങ്കില്‍ ഇതാണ് ഏക പോംവഴിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ലയണല്‍ മെസിയോട് ഇക്കാര്യം സംസാരിക്കണമെന്നും അബ്ര്യൂ ആവശ്യപ്പെട്ടു. 

" വിഷയത്തില്‍ മെസിക്കൊതിരെ നടപടിയെക്കാനാണ് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ഒരുങ്ങുന്നത്. ഇത് ഒഴിവാക്കാന്‍ മെസി മാപ്പ് പറയണമെന്നാണ് താന്‍ നിര്‍ദ്ദേശിക്കുന്നത്. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ മെസിയോട് ഇക്കാര്യം ആവശ്യപ്പെടണം". - ഗുസ്താവോ അബ്ര്യൂ പറഞ്ഞു. 

ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന മെസിയുടെ ഗുരുതരമായ ആരോപണമാണ് നടപടിയെടുക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ അഴിമതി ആരോപണവും ലയണല്‍ മെസ്സി ഉന്നയിച്ചിരുന്നു. 

കോണ്‍ഫെഡറേഷനെ അപമാനിക്കുന്ന തരത്തില്‍ താരങ്ങള്‍ ഇടപെടുകയോ പെരുമാറുകയോ ചെയ്താല്‍ രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്കാനുള്ള അധികാരം കോണ്‍ഫെഡറേഷനുണ്ട്. ഈ അധികാരം ഉപയോഗിച്ചാകും മെസിക്ക് വിലക്ക് ഏര്‍പ്പെടുത്തുക. രണ്ട് വര്‍ഷം വരെ വിലക്ക് നേരിട്ടാല്‍ 2020ല്‍ നടക്കുന്ന അടുത്ത കോപ്പ അമരിക്ക ടൂര്‍ണമെന്‍റും 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളും മെസിക്ക് നഷ്ടമാകും. 

ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു മത്സരത്തിന് പിന്നാലെ അര്‍ജന്‍റീനന്‍ താരങ്ങളായ ലയണല്‍ മെസിയുടേയും സെര്‍ജിയോ അഗ്യൂറോയുടേയും ആരോപണം. ഇത് കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. റഫറിക്കെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ ഫെഡറേഷന്‍ കോപ്പ സംഘാടകര്‍ക്ക് പരാതിയും നല്‍കിയിരുന്നു.