സംസ്ഥാനത്ത് ഇന്ന് തുറക്കുന്നത് മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് തുറക്കുന്നത് മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. മഴയും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്ററില്‍ നിന്ന് 50 സെന്റിമീറ്റര്‍ ആയി ഉയർത്തി. കരമനയാറിന് തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ പെട്ടന്ന് ഡാം തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് മുൻകരുതൽ എന്ന രീതിയിൽ ഡാം തുറന്നത്. നീരൊഴുക്ക് അനുസരിച്ച്‌ 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യതയുണ്ട്. നെയ്യാറിന്റെ തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം മലമ്പുഴ ഡാം ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് ഷട്ടറുകള്‍ തുറക്കുന്നത്. കഴിഞ്ഞ ദിവസം ഡാം ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു.