ഭാനുപ്രിയയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ കുട്ടികള്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍; നടിക്ക് മനുഷ്യക്കടത്തുമായി ബന്ധമെന്ന് സംശയം

ഭാനുപ്രിയയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ കുട്ടികള്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍; നടിക്ക് മനുഷ്യക്കടത്തുമായി ബന്ധമെന്ന് സംശയം

നടി ഭാനുപ്രിയയുടെ വസതിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടതായി വെളിപ്പെടുത്തി.ചെന്നൈ ടി നഗറിലെ വസതിയിലെ റെയ്ഡില്‍ നാലു പെണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. ഇവരെ വീട്ടു ജോലിക്ക് വേണ്ടിയാണോ കൊണ്ടു വന്നത് അതോ നടിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്.

14 കാരിയായ തന്റെ മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി കൊണ്ടുപോയി ഉപദ്രവിച്ചതായി ആന്ധ്രാപ്രദേശ് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

കുട്ടികള്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്.നടിയും അവരുടെ അമ്മയും ബാലാവകാശങ്ങള്‍ ലംഘിച്ചതായും ഒരെ ഇടനിലക്കാരനാണ് കുട്ടികളെ ആന്ധ്രപ്രദേശില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിച്ചതെന്നത് മനുഷ്യക്കടത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ബാലവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു ദേശീയ മാധ്യമത്തോട് വെൡപ്പെടുത്തി.

52 കാരിയായ നടിയെ കേസില്‍ അന്വേഷണ സംഘം ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.

ചെന്നൈയിലെ ഭാനുപ്രിയയുടെ വീട്ടില്‍ ഏജന്റ് മുഖേനെയാണ് പെണ്‍കുട്ടിയെ വീട്ടുജോലിക്കായി കൊണ്ടുപോയത്. മാസം 10,000 രൂപ ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ കഴിഞ്ഞ 18 മാസമായി തുക നല്‍കാറില്ലെന്നും ഒരു കുട്ടിയുടെ അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. കുറച്ച് മാസങ്ങളായി പെണ്‍കുട്ടിയെ കുടുംബവുമായി ബന്ധപ്പെടാന്‍ നടി അനുവദിച്ചിരുന്നില്ലെന്നും പരാതിയിലുണ്ടായിരുന്നു.

ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതായി തങ്ങള്‍ക്കൊരു അജ്ഞാത സന്ദേശം വന്നതായി കുട്ടിയുടെ അമ്മ പറയുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നടിയുടെ ചെന്നൈയിലുള്ള വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നുവെന്നും മകളെ തിരികെ നല്‍കണമെങ്കില്‍ പത്തു ലക്ഷം രൂപ വേണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

അതേസമയം, പെണ്‍കുട്ടിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നല്‍കിയതായി സമാല്‍കോട്ടേ സ്റ്റേഷന്‍ എസ്.ഐ പറഞ്ഞിരുന്നു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും പരാതിയില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി.

2016ലെ ബാലവേല നിരോധന നിയമപ്രകാരം 14 വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അതിനാല്‍ പെണ്‍കുട്ടിയെ ജോലിക്ക് അയച്ചതിന് അമ്മയ്ക്കും ശിക്ഷ ലഭിക്കും.