എബിഎസ് പതിപ്പില്‍ പുതിയ ഗൂര്‍ഖ വിപണിയില്‍

എബിഎസ് പതിപ്പില്‍ പുതിയ ഗൂര്‍ഖ വിപണിയില്‍

കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കി ഫോഴ്സ് മോട്ടോഴ്‌സിന്റെ ഓഫ് റോഡര്‍ എസ്‌യുവി ഗൂര്‍ഖയുടെ എബിഎസ് പതിപ്പ് വിപണിയില്‍. ത്രീ ഡോര്‍ എക്സ്പ്ലോറര്‍, 5 ഡോര്‍ എക്സ്പ്ലോറര്‍, ത്രീ ഡോര്‍ എക്സ്ട്രീം എന്നിവയിലാണ് എബിഎസ് സുരക്ഷാ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എബിഎസ് ഇല്ലാത്ത ഗൂര്‍ഖയേക്കാള്‍ ഏകദേശം 30000 രൂപയോളം കൂടുതലാണ് ഗൂര്‍ഖ എബിഎസിന്. ത്രീ ഡോര്‍ എക്സ്പ്ലോററിന് 11.05 ലക്ഷവും 5 ഡോര്‍ എക്സ്പ്ലോററിന് 12.55 ലക്ഷവും ത്രീ ഡോര്‍ എക്സ്ട്രീമിന് 13.30 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

മൂന്ന് വേരിയന്റുകളാണ് ഗൂര്‍ഖയ്ക്കുള്ളത്. 3 ഡോര്‍, 5 ഡോര്‍ വിഭാഗങ്ങളിലായി എക്സ്പ്ലോറര്‍, എക്സ്ട്രീം, എക്സ്പെഡിഷന്‍ എന്നിവയാണ് മൂന്ന് വേരിയന്റുകള്‍. എബിഎസ് നല്‍കിയതൊഴിച്ചാല്‍ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമൊന്നുമില്ല.

2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എക്‌സ്ട്രീമിന്റെ കരുത്തേകുന്നത്. ഈ എന്‍ജിന്‍ 140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ബന്‍സ് G32 മോഡലില്‍ നിന്നെടുത്ത 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. എക്സ്പെഡിഷന്‍, എക്സ്പ്ലോറര്‍ എന്നീ വകഭേദങ്ങളിലും 85 എച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്.