തളര്‍ന്ന് കാലിടറി ബിഎസ്എന്‍എല്‍

തളര്‍ന്ന് കാലിടറി ബിഎസ്എന്‍എല്‍

 കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുയാണ് ബിഎസ്എൻഎല്‍. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14,202 കോടി രൂപ നഷ്ടത്തിലായ ബിഎസ്എൻഎല്ലിന് 2018–19 സാമ്പത്തിക വർഷത്തിലെ വരുമാനം 19,308 കോടി രൂപയായും കുറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ 2015–16 സാമ്പത്തിക വർഷത്തിൽ 4859 കോടി രൂപ നഷ്ടത്തിലായപ്പോൾ 2016–17 കാലയളവിൽ 4793 കോടി നഷ്ടമുണ്ടായെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായി. എന്നാൽ 2017– 18 സാമ്പത്തിക വർഷത്തിൽ 7993 കോടിയും 2018–19 ൽ നഷ്ടം 14,202 കോടി രൂപയായും ഉയർന്നെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു.

വിപണിയിലെ കടുത്ത മൽസരത്തെ തുടർന്ന് കുറഞ്ഞ താരിഫ് നിരക്കുകൾ നടപ്പാക്കിയതും വരുമാനത്തിൽ ഭൂരിഭാഗവും ശമ്പളത്തിനു വിനിയോഗിച്ചതും ചിലയിടങ്ങളിലൊഴികെ 4ജി സാങ്കേതികവിദ്യ വൈകിയതും കമ്പനിയെ പ്രതിസന്ധിയിലാക്കിയെന്നുമാണ് വിലയിരുത്തല്‍. 2016ൽ റിലയൻസ് ജിയോ വിപണിയിലെത്തിയതോടെ മറ്റു സേവനദാതാക്കളെ പോലെ ബിഎസ്എൻഎല്ലിന്റെ വരുമാനത്തിലും ഇടിവുണ്ടായി.ബിഎസ്എൻഎല്ലിന് 2017–18 വർഷത്തിൽ 25,071 കോടിയും 2016–17 വർഷത്തിൽ 31,533 കോടി രൂപയുമായിരുന്നു വരുമാനം. 2018–19 വർഷത്തിൽ ബിഎസ്എ‌ൻഎൽ വരുമാനത്തിന്റെ 75 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനാണു ഉപയോഗിച്ചതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.