ഇന്ത്യയില്‍ 16 കോടി പേര്‍ മദ്യത്തിന് അടിമ; ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ 16 കോടി പേര്‍ മദ്യത്തിന് അടിമ; ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് 16 കോടിയിലധികം പേര്‍ മദ്യത്തിന് അടിമയാണെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ്. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ലോക്സഭയില്‍ ടി.എന്‍. പ്രതാപന്റെ ചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് കഞ്ചാവാണ്. മൂന്നു കോടിയിലേറെപ്പേര്‍ കഞ്ചാവ് ഉപയോഗിക്കുന്നു. കറുപ്പില്‍നിന്നുത്പാദിപ്പിക്കുന്ന മയക്കുമരുന്നിനാണ് ആവശ്യക്കാര്‍ കൂടുതല്‍. രണ്ടുകോടിയോളം പേര്‍ വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

മൂന്നുകോടിയോളം ആളുകള്‍ മദ്യാസക്തിമൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. അരക്കോടിയോളം പേരാണ് കഞ്ചാവിന്റെയും കറുപ്പിന്റെയും അടിമകളാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിയമവിരുദ്ധമായ മരുന്നുകളുടെ ഉപയോഗം തടയാനും മയക്കുമരുന്നിന്റെ ആസക്തി ജനങ്ങളില്‍ കുറയ്ക്കാനുമുള്ള പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.