ചിത്രം ദുരുപയോഗം ഓൺലൈൻ തട്ടിപ്പ്; ബീന ആൻ്റണി പരാതി നൽകി

ചിത്രം ദുരുപയോഗം ഓൺലൈൻ തട്ടിപ്പ്; ബീന ആൻ്റണി പരാതി നൽകി


സിനിമാ സീരിയൽ നടി ബീന ആൻ്റണിയിടെ ചിത്രം ഉപയോഗിച്ച് വൻ സാമ്പത്തിക തട്ടിപ്പ്. 'കരിയര്‍ ജേണല്‍ ഓണ്‍ലൈന്‍' എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ സൈറ്റിലാണ് നടിയുടെ ചിത്രമുപയോഗിച്ച് വൻ തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ സൈബര്‍ സെല്ലിൽ പരാതി സമര്‍പ്പിച്ചിരിക്കുകയാണെന്നും അന്വേഷണം ഉടൻ ഊര്‍ജ്ജിതമാക്കുമെന്നും ബീന ആൻ്റണി 'വ്യക്തമാക്കി. 
താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും സുഹൃത്തുക്കളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ മാത്രമാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടതെന്നും ബീന ആൻ്റണി പറഞ്ഞു. ആദ്യം ഇതത്ര ഗൗനിച്ചില്ലെന്നും എന്നാൽ കൂടുതൽ പേര്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ് നിയമപരമായി നേരിടാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു. 

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കാമെന്നും ആഭ കര്‍പാല്‍ എന്ന സ്ത്രീയുടെ വിജയ കഥ ഇതാണെന്നും കാട്ടി ബീന ആൻ്റണിയുടെ ചിത്രം സഹിതമാണ് ഓൺലൈൻ തട്ടിപ്പ് നടത്തി വന്നത്. ആഭ കര്‍പാലിൻ്റേതെന്ന പേരില്‍ ഉപയോഗിച്ചിരിക്കുന്നത് ബീന ആൻ്റണിയുടെ ചിത്രമാണ്.