ഇടിച്ചു വിജയിച്ച് ടാറ്റാ നെക്‌സോണ്‍; ഇനി 5 സ്റ്റാർ കരുത്തില്‍

ഇടിച്ചു വിജയിച്ച് ടാറ്റാ നെക്‌സോണ്‍; ഇനി 5 സ്റ്റാർ കരുത്തില്‍

സുരക്ഷാ പരിശോധനയില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ നെക്‌സോണ്‍. ഗ്ലോബല്‍ എന്‍.സി.എ.പി ടെസ്റ്റിലാണ് നെക്‌സോണ്‍ മുഴുവന്‍ സ്റ്റാറും സ്വന്തമാക്കിയത്. ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ കാഴ്ചവെച്ച ആദ്യ ഇന്ത്യന്‍ കാറാണ് ഇനി നെക്‌സോണ്‍.മുതിര്‍ന്ന യാത്രക്കാര്‍ക്ക് 5 സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ 3 സ്റ്റാറുമാണ് വാഹനം നേടിയത്.കഴിഞ്ഞ വര്‍ഷം നാല് സ്റ്റാറായിരുന്നു നെക്‌സോണിന് ലഭിച്ചത്. 

ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു കാര്‍ സുരക്ഷാ പരിശോധനയില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കുന്നത്.കഴിഞ്ഞ വര്‍ഷം നാല്
സ്റ്റാര്‍ സ്വന്തമാക്കിയതിന് പിന്നാലെ ചില പുതിയ സംവിധാനങ്ങള്‍ നെക്‌സോണില്‍ ടാറ്റ കൂടിച്ചേര്‍ത്തിരുന്നു. സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍ ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റുകള്‍ക്ക് ടാറ്റ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരുന്നു. ഇതിന് പുറമേ അപകടം ഉണ്ടാവമ്പോള്‍ ആഘാതം കുറക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ സംവിധാനങ്ങളും ടാറ്റ ഉള്‍പ്പെടുത്തിയിട്ടുണ്ട്. UN95 ചട്ടങ്ങള്‍ പ്രകാരം സുരക്ഷ വിലയിരുത്തുന്നതിനായി പ്രത്യേക സൈഡ് ഇംപാക്ട് ടെസ്റ്റിനും ഇത്തവണ നെക്സോണ്‍ വിധേയമായെന്നാണ് സൂചന.


നെക്സോണിന് മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലുള്ള ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ഇംപാക്ട് ടെസ്റ്റില്‍ വലിയ തോതിലുള്ള ആഘാതം പ്രതിരോധിക്കാനായി. പതിനേഴില്‍ 16.06 പോയിന്റുകളാണ് മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയില്‍ നെക്സോണിന് ലഭിച്ചത്. മുമ്പ് നടന്ന ക്രാഷ് ടെസ്റ്റില്‍ 13.56 പോയിന്റുകള്‍ നെക്സോണ്‍ നേടിയിരുന്നു. ISOFI ചൈല്‍ഡ് റെസ്‌ട്രെയിന്റ് സംവിധാനമുള്ള (CRS) കാറാണ് നെക്‌സോണ്‍. പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ഇരട്ട എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം നെക്‌സോണില്‍ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളാണ്.


ഇന്ത്യയിലെ കാര്‍ സുരക്ഷയില്‍ ഒരു നാഴികകല്ലാണ് പിന്നിട്ടിരിക്കുന്നത് ആഗോള എന്‍.സി.എ.പി ജനറല്‍ സെക്രട്ടറി ഡേവിഡ് വാര്‍ഡ് വ്യക്തമാക്കി. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാണ് നെക്‌സോണിന്റെ നിര്‍മാണം ടാറ്റ നടത്തുന്നത്.